
സംസ്ഥാനത്തെ സ്‌കൂളുകൾ മികച്ച നിലവാരം പുലർത്തുകയും വിദ്യാർത്ഥികളെ ചേർത്ത് നിർത്തുകയും ചെയ്യുന്ന സമീപനം അഭിനന്ദനാർഹമാണ് എന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ അംഗം ജാതോതു ഹുസൈൻ അഭിപ്രായപ്പെട്ടു.ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കണിയാമ്പറ്റ ഗേൾസ് മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെത്തിയ ശേഷം കുട്ടികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌കൂളും ഹോസ്റ്റലും സന്ദർശിച്ച കമ്മീഷൻ അംഗം വിദ്യാർത്ഥികളോടും അധ്യാപകരോടും ജീവനക്കാരോടും നേരിട്ട് സംവദിച്ചു.വിവിധ കായിക മത്സരങ്ങളിൽ ദേശീയ തലത്തിൽ വിജയം നേടിയ വിദ്യാർത്ഥികൾക്ക് ജാതോതു ഹുസൈൻ സമ്മാനങ്ങൾ നൽകി ആദരിച്ചു. സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി അദ്ദേഹം സ്‌കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നടുകയും ചെയ്തു.വയനാട് ജില്ലയിലെ വൈത്തിരി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ വട്ടക്കുണ്ട്, കൊഴിഞ്ഞങ്ങാട് ഉന്നതി പ്രദേശങ്ങളും കമ്മീഷൻ അംഗം സന്ദർശിച്ചു.
ഉന്നതി നിവാസികളുടെ പരാതികളും പ്രശ്നങ്ങളും അദ്ദേഹം നേരിട്ട് കേൾക്കുകയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു.പൂക്കോട് വെറ്ററിനറി സർവകലാശാലയ്ക്ക് മുന്നിൽ ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസർ ജി. പ്രമോദ്, സീനിയർ സൂപ്രണ്ട് ജംഷാദ് ചെമ്പൻതൊടിക, പൂക്കോട് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സൂര്യ പ്രതാപ് സിങ്, എൻ ഊര് സി.ഇ.ഒ. പി. പ്രിമൽ രാജ് എന്നിവർ ചേർന്നാണ് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ അംഗത്തെ സ്വീകരിച്ചത്. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ഡയറക്ടർ ഡോ. പി. കല്യാണ റെഡ്ഢി, പ്രൈവറ്റ് സെക്രട്ടറി അശോക് കുമാർ ലക്കർസു എന്നിവരും സംഘത്തിലുണ്ടായിരുന്നു.