
തിരുവനന്തപുരം: കവാടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ തൊഴിലാളികളെ പിന്നീട് പൊലീസും അഗ്നിശമന സേനയും ഇടപെട്ട് താഴെ ഇറക്കി. മറ്റ് ശുചീകരണ തൊഴിലാളികള്‍ നഗരസഭയ്‌ക്കുള്ളില്‍ കയറി മുദ്രാവാക്യം വിളിച്ചതോടെ സംഘർഷമുണ്ടായി. പിന്നീട് പൊലീസുകാർ ശുചീകരണ തൊഴിലാളികളെ സ്ഥലത്ത് നിന്ന് നീക്കുകയായിരുന്നു.
തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം. പെട്രോളും തോരണങ്ങളുമായി എത്തിയ പ്രതിഷേധക്കാർ നഗരസഭ കവാടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.നഗരസഭയുടെ ജീവനക്കാർ അല്ലാത്തവർ മാലിന്യം ശേഖരിക്കേണ്ടെന്ന് പറഞ്ഞ് ശുചീകരണ തൊഴിലാളികളുടെ 12 വാഹനങ്ങള്‍ നഗരസഭ പിടിച്ചെടുത്തിരുന്നു.
ഇത് വിട്ടുകിട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.13 വർഷമായി നഗരസഭയുടെ പരിധിയില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ ഇവർ ചെയ്യുന്നുണ്ട്. എന്നാല്‍ നഗരസഭയിലെ ജീവനക്കാർ അല്ലാത്തതിനാല്‍ മാലിന്യം ശേഖരിക്കേണ്ടെന്നാണ് നഗരസഭയുടെ പുതിയ തീരുമാനം.ഇതിന് മുൻപും തിരുവനന്തപുരം നഗരസഭ ശുചീകരണ തൊഴിലാളികളോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. നഗരസഭയ്‌ക്ക് മുന്നിലുള്ള ആല്‍മരത്തില്‍ വലിഞ്ഞുകയറിയായിരുന്നു ഭീഷണി