
പമ്പ : തമിഴ്നാട് സർക്കാർ റേഷൻ കടകൾ വഴി ജനങ്ങൾക്ക് സൗജന്യമായി നൽകിയ മുണ്ടുകൾ പമ്പയിലെ ഇരുമുടിക്കെട്ടുകളായി മാറിയെന്ന ആക്ഷേപവുമായി തീർത്ഥാടകർ. സംഭവത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പഭക്തരുടെ ആരോപണം.
തമിഴ്നാട് സർക്കാർ പൊങ്കൽ സമ്മാനമായി വിതരണം ചെയ്ത മുണ്ടുകളാണ് പമ്പയിലെ ദേവസ്വം ബോർഡിന്റെ കെട്ടുനിറ കേന്ദ്രങ്ങളിൽ ഇരുമുടിക്കെട്ടുകൾക്കായി ഉപയോഗിച്ചതായി കണ്ടെത്തിയത്.
റേഷൻ കടകൾ വഴി വിതരണം ചെയ്യേണ്ട മുണ്ടുകൾ പൂഴ്ത്തിവെച്ച് മറിച്ചു വിറ്റതാണെന്ന സംശയമാണ് ഉയരുന്നത്. വിഷയം സമഗ്രമായി പരിശോധിക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി.