
കൊച്ചി : തൻറെയും സാബുമോൻറെയും പേരില്‍ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി നടി മഞ്ജു പിള്ള. ടെലിവിഷൻ ഷോയുടെ ഷൂട്ടിനിടെ പറഞ്ഞ തമാശക്കഥ വളച്ചൊടിച്ചാണ് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് എന്നാണ് നടി പറയുന്നത്. എത്ര ദൂരം വേണമെങ്കിലും ധൈര്യമായി യാത്രചെയ്യാനായി കൂടെ കൂട്ടാനാകുന്ന സുഹൃത്തും സഹോദരനുമാണ് സാബുമോൻ എന്നും ഒരു ടിവിപരിപാടിയില്‍ തമാശയ്ക്ക് പറഞ്ഞ കഥ വളച്ചൊടിച്ചാണ് ഈ വ്യാജവാർത്ത ഉണ്ടാക്കിയിരിക്കുന്നത് എന്നും മഞ്ജുപിള്ള പറഞ്ഞു. സാബു ആണ് ഈ വ്യാജ വാർത്ത തനിക്ക് അയച്ചു തന്നതെന്നും തങ്ങള്‍ക്ക് ചിരി വന്നുവെന്നും മഞ്ജു പറയുന്നു.
നിങ്ങള്‍ എന്നെ ഹേമ കമ്മിറ്റിയില്‍ ചേർക്കും അല്ലേ എന്ന് ചോദിച്ചു കൊണ്ടാണ് സാബു ചിരിച്ചത്. അന്ന് ഞാനും സാബുവും കാർത്തിയും ലെ മെറീഡിയൻ ഹോട്ടലില്‍ താമസിച്ചിരുന്നത് ഒരുമിച്ചായിരുന്നു. സാബുവിന് പാതിരാത്രിയാണ് വിശപ്പു വരുന്നത്. രാത്രിയില്‍ വിശന്നു കഴിയുമ്പോൾ എന്നെയും കാർത്തിയെയും വിളിച്ച് എഴുന്നേൽപ്പിച്ചിട്ട് തട്ടുകടയില്‍ ഭക്ഷണം കഴിക്കാൻ പോകാമെന്നു പറയും. പുലർച്ചെ മൂന്നുമണിയൊക്കെയാകും ഞങ്ങൾ തിരിച്ച് എത്താൻ.
അവൻ നേരത്തെ എന്റെ റൂം എവിടെയാണ് എന്ന് അന്വേഷിച്ചുവയ്ക്കും. എന്റെ റൂം ചോദിച്ചാല്‍ പറഞ്ഞു കൊടുക്കരുതെന്ന് അപ്പോള്‍ ഞാൻ റീസെപ്‌ഷനില്‍ പറയും. അവൻ നൈറ്റ് ലൈഫ് ആസ്വദിക്കുന്ന ആളാണ്. എനിക്ക് രാത്രിയില്‍ ഉറക്കം പ്രധാനമാണ്. അങ്ങനെ ഒരു ദിവസം ഞാൻ റൂം നമ്പർ മാറ്റി പറഞ്ഞിരുന്നു. ഒരു മദാമ്മയുടെ റൂമില്‍ പോയി അവൻ തട്ടുകയും, അവർ ചീത്ത വിളിക്കുകയും ചെയ്തു എന്നതായിരുന്നു കഥ എന്ന് മഞ്ജു പിള്ള പറയുന്നു.