Banner Ads

ശബരിമല കവർച്ചാക്കേസ്; കടത്തിയ സ്വർണം ഇനിയും പുറത്ത്, ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റഡിയിലെടുക്കും

തിരുവനന്തപുരം : ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട് കൂടുതൽ സ്വർണ്ണം ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം. കവർച്ചാക്കേസിൽ ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റ‍ഡിയില്‍ വാങ്ങാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് നാളെ (തിങ്കളാഴ്ച) രേഖപ്പെടുത്തും. നിലവിൽ ദ്വാരപാല ശിൽപ്പങ്ങളുടെ പാളി കടത്തിയ കേസിൽ മാത്രമാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. നാളെ കോടതിയിൽ ഹാജരാക്കുന്ന പോറ്റിയെ കട്ടിള കടത്തിയ കേസിലെ കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി അപേക്ഷ നൽകും.

ശബരിമലയിൽ നിന്ന് നഷ്ടപ്പെട്ട സ്വർണ്ണത്തിൽ ഒരു ഭാഗം ഇനിയും കണ്ടെത്താനുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള മറ്റ് നാല് പേരെ കൽപേഷ്, വാസുദേവൻ, ഗോവർദ്ധൻ, സ്മാർട്ട് ക്രിയേഷൻ സിഇഒ ആയ പങ്കജ് ഭണ്ഡാരി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പോറ്റിയെ കസ്റ്റഡിയിൽ ലഭിക്കുന്നതോടെ ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.