
തിരുവനന്തപുരം : ശബരിമല സ്വർണ മോഷണക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പിഎസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്.
ഉടൻ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിക്കും. അതേസമയം ദ്വാരപാലക ശില്പങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിലും തുടർന്നുള്ള അന്വേഷണത്തിലും തങ്ങളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഭാഗമാണെന്ന് പ്രശാന്ത് ആരോപിച്ചിരുന്നു.
കസ്റ്റഡിയിലാകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2019ലെ സ്വർണ്ണ മോഷണക്കേസ് പുറത്തുകൊണ്ടുവരാൻ മുൻകൈ എടുത്ത തങ്ങളെ ഇപ്പോൾ മനപൂർവം വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
അന്വേഷണവുമായി സഹകരിക്കുമെന്നും തങ്ങൾക്കെതിരെ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും പ്രശാന്ത് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.