തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യംചെയ്യൽ പുരോഗമിക്കുന്നത്.ദ്വാരപാലക പാളികൾ ശബരിമലയിൽ നിന്ന് കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇദ്ദേഹമാണ് പിന്നീട് ഈ പാളികൾ നാഗേഷിന് കൈമാറിയത്.ഈ കേസിൽ അനന്തസുബ്രഹ്മണ്യത്തിന്റെ പങ്ക് എത്രത്തോളമുണ്ടെന്ന് വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു 19/07/2019-ലെ മഹസർ രേഖകൾ പ്രകാരം ലോഹപ്പാളികൾ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റിയാണെന്ന് കാണിച്ചിട്ടുണ്ടെങ്കിലും, യഥാർത്ഥത്തിൽ ഇത് ഏറ്റുവാങ്ങി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിന് നേരെ ഒപ്പിട്ടത് സുഹൃത്തായ അനന്തസുബ്രഹ്മണ്യമാണ്.രണ്ടാമത്തെ പ്രതിനിധി 20/07/2019-ലെ മഹസർ പ്രകാരം ലോഹപ്പാളികൾ ഏറ്റുവാങ്ങിയതും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തായ കന്നഡ സ്വദേശി ആർ. രമേശ് ആണ്.
ഇദ്ദേഹമാണ് പോറ്റിയുടെ പേരിന് നേരെ ഒപ്പിട്ടിരിക്കുന്നത്.ഈ രണ്ടു ദിവസങ്ങളിലും മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ ഉണ്ടായിരുന്നില്ല എന്നും അന്വേഷണത്തിൽ വെളിപ്പെട്ടിട്ടുണ്ട്.ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റിന് പിന്നാലെ, കേസിലെ ഗൂഢാലോചനയെക്കുറിച്ചും സ്വർണ്ണം നഷ്ടപ്പെട്ടതിനെക്കുറിച്ചുമുള്ള കൂടുതൽ നിർണ്ണായക വിവരങ്ങൾ കണ്ടെത്താനാണ് പ്രത്യേക സംഘം ശ്രമിക്കുന്നത്.