Banner Ads

ആർടിഒ ചലാൻ വ്യാജ സന്ദേശം; 9.90 ലക്ഷം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

തൃശൂർ : മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജ സന്ദേശമയച്ച് കൊടുങ്ങല്ലൂർ സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ഹരിയാനയിലെ ഫരീദാബാദ് സ്വദേശിനി ലക്ഷ്മി (23) യെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. മേത്തല കോട്ടപ്പുറം സ്വദേശിയും നിർമാണ കരാറുകാരനുമായ കരിയപറമ്പിൽ തോമസ് ലാലനാണ് തട്ടിപ്പിന് ഇരയായത്.

തോമസ് ലാലൻ പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണ് അക്കൗണ്ടിൽ നിന്ന് സെപ്റ്റംബർ 29ന് മൂന്നുതവണകളായി 9.90 ലക്ഷം രൂപ ഓൺലൈനായി കൈമാറ്റം ചെയ്തതായി കണ്ടെത്തിയത്. തുടർന്ന് റൂറൽ സൈബർ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇദ്ദേഹത്തിന്റെ ഫോണിൽ ആർടിഒ ചലാൻ എന്ന പേരിലുള്ള ഒരു എപികെ (APK) ഫയൽ ഇൻസ്റ്റാൾ ചെയ്തതായി കണ്ടെത്തി.

ഇത് വഴിയാണ് ഫോൺ ഹാക്ക് ചെയ്ത് പണം തട്ടിയെടുത്തത്. പണം ക്രെഡിറ്റ് ആയ ബാങ്ക് അക്കൗണ്ട് വ്യാജവിലാസത്തിൽ ഉള്ളതാണെന്ന് ഹരിയാനയിൽ നടത്തിയ അന്വേഷണത്തിൽ പോലീസിന് ബോധ്യപ്പെട്ടു. തുടർന്ന് ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് ബാങ്ക് അക്കൗണ്ട് ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.