
കാഞ്ഞങ്ങാട് : കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വില കുതിച്ചുയരുന്നത് ചെറുകിട കോഴി കർഷകർക്ക് തിരിച്ചടിയാകുന്നു. ഒരു മാസത്തിനിടെ 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 450 രൂപയാണ് വർദ്ധിച്ചത്.
വിപണിയിൽ ഒരു ചാക്ക് തീറ്റയുടെ വില 2200 രൂപ മുതൽ 2500 രൂപ വരെയായി ഉയർന്നു. തീറ്റവില വർദ്ധിച്ചതോടെ കോഴിക്കുഞ്ഞിനും മുട്ടയ്ക്കും വില കൂടി. നിലവിൽ ഒരു ദിവസം പ്രായമായ ബ്രോയിലർ കോഴിക്കുഞ്ഞിന് 50 രൂപയും മുട്ട ഒന്നിന് 8 മുതൽ 9 രൂപ വരെയുമാണ് വില.
ആയിരം ബ്രോയിലർ കോഴികളെ വളർത്തി വിപണിയിലെത്തിക്കാൻ ശരാശരി 65 മുതൽ 70 ചാക്ക് തീറ്റയാണ് ആവശ്യമായി വരുന്നത്. തീറ്റച്ചെലവിന് മാത്രം 28800 രൂപ മുതൽ 31500 രൂപ വരെ നൽകേണ്ടി വരും. 1000 കോഴിക്കുഞ്ഞുങ്ങളെ വാങ്ങാൻ ചുരുങ്ങിയത് 50000 രൂപ വേണം.
വൈദ്യുതി, മരുന്ന്, തൊഴിലാളികളുടെ വേതനം, ഗതാഗതം എന്നിവയുടെ ചെലവു വേറെയും. ഓണക്കാലത്ത് കോഴിയിറച്ചിക്ക് വലിയ തോതിൽ ആവശ്യക്കാരുണ്ടാകും. ഇത് മുൻകൂട്ടി കണ്ടാണ് കോഴിത്തീറ്റ നിർമ്മാതാക്കൾ വില കൂട്ടിയിരിക്കുന്നതെന്ന് വ്യാപാരികൾ ആരോപിച്ചു.