Banner Ads

പിഎം ശ്രീ പദ്ധതിയിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം; നിലപാട് കടുപ്പിച്ച് എഐസിസി

ദില്ലി : പിഎം ശ്രീ പദ്ധതിയിൽ നിലപാട് കടുപ്പിച്ച് എഐസിസി. കേരളത്തിൽ പദ്ധതി നടപ്പാക്കണമെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ വാദങ്ങൾ കേന്ദ്ര നേതൃത്വം അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് സൂചനകൾ. പദ്ധതി സംഘപരിവാർ അജണ്ടയാണെന്ന നിലപാടിൽത്തന്നെ എഐസിസി ഉറച്ചുനിൽക്കും.

എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കഴിഞ്ഞ ദിവസവും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അതേസമയം, രാഹുൽ ഗാന്ധിയും വിഡി സതീശനും തമ്മിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയാകുമോ എന്നതിൽ വ്യക്തതയില്ല. കേന്ദ്രത്തിൽ നിന്നുള്ള ഫണ്ട് ലഭിക്കണമെങ്കിൽ പിഎം ശ്രീ കരാറിൽ ഒപ്പിടണമെന്നാണ് വിഡി സതീശന്റെ നിലപാട്.

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കരാർ ഒപ്പിടുന്നതിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരും സംസ്ഥാനത്തിന് കത്തയച്ചിട്ടുണ്ട്. എന്നാൽ പദ്ധതി നടപ്പാക്കുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ എതിർപ്പുമായി രംഗത്തുണ്ട്.

പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർത്ത പദ്ധതി അധികാരത്തിലേറുമ്പോൾ നടപ്പാക്കുന്നത് ശരിയല്ലെന്നും പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുകയറാനുള്ള ആർഎസ്എസ് അജണ്ടയാണിതെന്നും പറയുന്നു. എന്നാൽ കോൺഗ്രസ് ഭരണത്തിലുള്ള കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പിഎം ശ്രീ പദ്ധതി ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്.