
ചെന്നൈ : തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണങ്ങളും ഫോൺ നിരോധനവും ഏർപ്പെടുത്തി തമിഴ്നാട് ദേവസ്വം വകുപ്പ്. സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും.
സാധാരണക്കാരായ ഭക്തരുടെ ദർശനത്തിന് തടസ്സമുണ്ടാകാതിരിക്കാനും ക്ഷേത്രങ്ങളിലെ സുരക്ഷയും ആചാരപരിപാലനവും ഉറപ്പാക്കാനുമാണ് നടപടി. വിഐപികൾ വരുന്നുണ്ടെങ്കിൽ തലേന്ന് തന്നെ വിവരം ക്ഷേത്ര അധികൃതരെ അറിയിക്കണം.
എത്തുന്ന സമയവും ഒപ്പമുള്ളവരുടെ എണ്ണവും മുൻകൂട്ടി നൽകണം. സിനിമാ താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരുൾപ്പെടെ എല്ലാവർക്കും ഇത് ബാധകമാണ്. ക്ഷേത്രങ്ങൾക്കുള്ളിൽ ഫോൺ ഉപയോഗിക്കുന്നതും വീഡിയോ റീൽസ് ചിത്രീകരിക്കുന്നതും പൂർണ്ണമായും നിരോധിച്ചു.
ഭക്തർക്ക് ക്ഷേത്രത്തിന് പുറത്ത് ഫോൺ സുരക്ഷിതമായി സൂക്ഷിക്കാൻ കൗണ്ടറുകൾ ഒരുക്കും. ഇതിനായി 5 രൂപ ഫീസ് ഈടാക്കും. സെപ്റ്റംബർ 1ന് മുൻപായി എല്ലാ ക്ഷേത്രങ്ങളിലും ഫോണുകൾ സൂക്ഷിക്കാനുള്ള സൗകര്യങ്ങളും മറ്റ് ക്രമീകരണങ്ങളും പൂർത്തിയാക്കാൻ ദേവസ്വം ബോർഡ് നിർദ്ദേശം നൽകി.