
ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ച സംഭവത്തിൽ വിശദീകരണവുമായി ധർമേന്ദ്ര പ്രധാൻ. രാജി സമർപ്പിച്ച് ആഴ്ചകൾക്ക് ശേഷമാണ് ധർമേന്ദ്ര പ്രധാൻ രംഗത്തെത്തിയത്.
ഭുവനേശ്വറിലെ ജി എം സർവകലാശാലയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെൻ സി കുട്ടികൾ രാജ്യത്തിന്റെ ഭാവിയാണെന്നും ചില ശക്തികൾ പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കാനും വഴിതെറ്റിക്കാനും ശ്രമിച്ചുവെന്നും ധർമേന്ദ്ര പ്രധാൻ ആരോപിച്ചു.
വിദ്യാർത്ഥികളുടെ വികാരങ്ങളും ആഗ്രഹങ്ങളും കണക്കിലെടുത്താണ് താൻ പ്രധാനമന്ത്രിയെ കണ്ട് രാജി സന്നദ്ധത അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് വ്യക്തിപരമായ നിരാശകളോ പ്രശ്നങ്ങളോ ഇല്ല. ഭാരതത്തെ വിശ്വഗുരു ആക്കി മാറ്റാൻ ശേഷിയുള്ളവരാണ് നമ്മുടെ കുട്ടികൾ. അതിനാൽ തന്നെ മന്ത്രിസ്ഥാനം തനിക്ക് വലിയൊരു കാര്യമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ജൂലൈ 25നായിരുന്നു ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം ആളിക്കത്തിയതിനെ തുടർന്ന് ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിഞ്ഞത്. എസ്എഫ്ഐ ഉൾപ്പെടെയുള്ള യുവജന-വിദ്യാർത്ഥി സംഘടനകളും ജെൻ സി മുന്നേറ്റങ്ങളും അണിനിരന്ന പ്രതിഷേധങ്ങൾക്കൊടുവിലായിരുന്നു അദ്ദേഹത്തിന്റെ രാജി.