
തിരുവനന്തപുരം : കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ 11 ദിവസം പിന്നിട്ടിട്ടും ഫലം കണ്ടില്ല. അതേസമയം തിരച്ചിലിനെത്തിയ നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി കപ്പൽ മുതലപ്പൊഴിയിൽ നിന്ന് കൊല്ലത്തേക്ക് മടങ്ങി.
കടൽ പ്രക്ഷുബ്ധമായതാണ് കാരണം. വേലിയേറ്റ സമയത്ത് വെള്ളം തെളിഞ്ഞുനിൽക്കുന്ന പുലർച്ചെ തിരച്ചിൽ നടത്തണമെന്ന് ഷിജിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ നടപ്പിലാക്കിയില്ലെന്ന് പരാതിയുണ്ട്.
കാറ്റിന്റെയും അടിയൊഴുക്കിന്റെയും ദിശ കണക്കിലെടുത്ത് നീണ്ടകരയിൽ നിന്ന് കാണാതായ ജോണിന്റെ കുടുംബത്തിന്റെ ആവശ്യ പ്രകാരം തിരച്ചിൽ തമിഴ്‌നാട്ടിലെ രാമേശ്വരം ഭാഗത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
അപകടം നടന്ന് രണ്ടാഴ്ചയോടടുക്കുമ്പോഴും കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാരോപിച്ച് പ്രദേശവാസികളും കുടുംബങ്ങളും പ്രതിഷേധത്തിലാണ്.
ഫിഷറീസ് മന്ത്രി സ്ഥലം സന്ദർശിക്കാനോ വിഷയത്തിൽ അടിയന്തരമായി ഇടപെടാനോ തയ്യാറായില്ലെന്നതും വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.