Banner Ads

മലപ്പുറത്ത് വീണ്ടും പുലിയെ കണ്ടതായി റിപ്പോർട്ട്; ജനവാസ മേഖലയിൽ ആശങ്ക

മലപ്പുറം: പോരൂർ പുത്രക്കോവ് മനക്കൽപടി മേഖലയിൽ പുലിയെ കണ്ടതായി നാട്ടുകാർ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് കനത്ത ഭീതി. കഴിഞ്ഞ ദിവസങ്ങളിൽ പലതവണ പുലിയെ കണ്ട സാഹചര്യത്തിൽ നാട്ടുകാർ ആശങ്കയിലാണ്.ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മനക്കൽപടിയിൽ വെച്ച് കാറിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയാണ് പുലി റോഡ് മുറിച്ച് കടക്കുന്നത് കണ്ടത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. മുഹമ്മദ് ബഷീർ ഉൾപ്പെടെയുള്ളവർ വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ പുത്രക്കോവ് പ്രദേശത്ത് വെച്ച് പുലി മയിലിനെ പിടിച്ചതായും നാട്ടുകാർ പറയുന്നു.തൊട്ടടുത്ത നെലിക്കുന്ന്-പുള്ളിപ്പാടത്ത് ദിവസങ്ങൾക്ക് മുമ്പ് പുലിയുടെ കാൽപ്പാടുകളും ഒരു തെരുവുനായയെ കടിച്ചുകൊന്ന നിലയിലും കണ്ടെത്തിയിരുന്നു.തുടർച്ചയായി മൂന്നു തവണ പുലിയെ കണ്ടതായി പരാതി ലഭിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

ഭൂരിഭാഗം പ്രദേശങ്ങളും ക്വാറികളോടു ചേർന്ന ഹെക്ടർ കണക്കിന് കാടുമൂടിയ നിലയിലാണ്.പുലിയെ കണ്ടെത്താനായി നാട്ടുകാർ രാത്രിയിലും തിരച്ചിൽ തുടരുകയാണ്.പുലിയെ നിരീക്ഷിക്കാനായി വനം വകുപ്പ് പ്രദേശത്ത് കാമറകൾ സ്ഥാപിച്ചു.ഭീതി കാരണം ടാപ്പിങ് തൊഴിലാളികൾ അടക്കം രണ്ടുദിവസമായി ജോലിക്ക് പോകുന്നില്ല. അതുകൊണ്ട് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണം എന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.പുലിയെ കണ്ട ഭാഗങ്ങളിൽ ഭൂരിഭാഗവും കാടുമൂടിയ സ്വകാര്യ റബർ തോട്ടങ്ങളാണ്.

ഇവ വെട്ടിത്തെളിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു