
ആലുവ : വാടക കുടിശ്ശികയെത്തുടർന്ന് ബിഗ് ബോസ് റിയാലിറ്റി ഷോ വിജയി ജിന്റോയുടെ ഉടമസ്ഥതയിലുള്ള ബോഡി ക്രാഫ്റ്റ് മൾട്ടി ഇന്റർനാഷണൽ ഹെൽത്ത് ക്ലബ് ജിം നഗരസഭ ലേലം ചെയ്തു. ആലുവ നഗരസഭയുടെ ക്ലോക്ക് ടവറിൽ പ്രവർത്തിച്ചിരുന്ന ജിമ്മാണ് ലേലം ചെയ്തത്. 16 ലക്ഷത്തോളം രൂപയാണ് വാടകയിനത്തിൽ നൽകാനുണ്ടായിരുന്നത്.
6.14 ലക്ഷം രൂപയായിരുന്നു ചുരുങ്ങിയ ലേല തുകയായി നിശ്ചയിച്ചിരുന്നത്. ലേലത്തിൽ 6.15 ലക്ഷം രൂപയ്ക്ക് ഫോർട്ട് കൊച്ചി സ്വദേശി ജിം സ്വന്തമാക്കി. ലേലം നടന്നുവെങ്കിലും നഗരസഭയ്ക്ക് ഇപ്പോഴും പത്തുലക്ഷത്തോളം രൂപയുടെ നഷ്ടം നിലനിൽക്കുകയാണ്. തുക ഈടാക്കാൻ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് നഗരസഭയുടെ തീരുമാനം. 2017ലാണ് 2000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ജിന്റോ ഇവിടെ ജിം ആരംഭിച്ചത്.
എന്നാൽ 2021ന് ശേഷം വാടക അടയ്ക്കുന്നതിൽ ഇയാൾ വീഴ്ച വരുത്തിയതായി നഗരസഭ അധികൃതർ വ്യക്തമാക്കി. മൂന്ന് മാസം മുൻപ് ജപ്തി നോട്ടീസ് നൽകുകയും മുറി സീൽ ചെയ്യുകയും ചെയ്തിരുന്നു. ആലുവയിൽ വലിയ തുക കുടിശ്ശിക നിലനിൽക്കുമ്പോഴും ജിന്റോ മറ്റ് പലയിടങ്ങളിലും ജിമ്മിന്റെ പുതിയ ശാഖകൾ തുടങ്ങിയിരുന്നു.