
മാവേലിക്കര : മധ്യകേരളത്തിലെയും മാവേലിക്കര മണ്ഡലത്തിലെയും ആയിരക്കണക്കിന് റെയിൽവേ യാത്രക്കാർക്ക് ആശ്വാസമേകി പാലരുവി എക്സ്പ്രസും മധുര-ഗുരുവായൂർ എക്സ്പ്രസും അത്യാധുനിക എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നു.
ജൂലൈ 20 മുതൽ പാലരുവി എക്സ്പ്രസും ജൂലൈ 26 മുതൽ മധുര-ഗുരുവായൂർ എക്സ്പ്രസും എൽഎച്ച്ബി കോച്ചുകളുമായി സർവീസ് നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
കൂടുതൽ സുരക്ഷിതത്വവും യാത്രാസുഖവും ഉറപ്പുനൽകുന്ന ഈ കോച്ചുകൾക്കായുള്ള യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്. റെയിൽവേ മന്ത്രാലയവുമായി നടത്തിയ ഇടപെടലുകളുടെയും ആവശ്യങ്ങളുടെയും ഫലമായാണ് ഇരു ട്രെയിനുകളിലും മാറ്റം കൊണ്ടുവരാൻ സാധിച്ചതെന്ന് എംപി വ്യക്തമാക്കി.
ദീർഘദൂര യാത്രക്കാരുടെ അഭ്യർത്ഥന കണക്കിലെടുത്ത് പാലരുവി എക്സ്പ്രസിൽ ഒരു തേർഡ് എസി കോച്ച് കൂടി അനുവദിച്ചിട്ടുണ്ട്. അമൃത എക്സ്പ്രസിലും എൽഎച്ച്ബി കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യം റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ഇതും എത്രയും വേഗം യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങൾ തുടരുകയാണ്. ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം നിന്നുകൊണ്ട് കേരളത്തിന്റെ റെയിൽവേ വികസനത്തിനും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ വിട്ടുവീഴ്ചയില്ലാതെ തുടരുമെന്നും കൂട്ടിച്ചേർത്തു.