
തിരുവനന്തപുരം: പാൽവില വർധിപ്പിക്കാൻ സർക്കാർ തലത്തിൽ തത്വത്തിൽ തീരുമാനമായെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. പാൽവില വർധനയുമായി ബന്ധപ്പെട്ട് മിൽമ ഔദ്യോഗിക നിർദ്ദേശം സമർപ്പിച്ചാൽ അത് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ പെട്ടെന്നുള്ള വിലവർധനവ് ശാശ്വതമായിരിക്കില്ല എന്ന വിലയിരുത്തലിലാണ് മിൽമയുടെ നിർദ്ദേശം കാക്കുന്നത്.
ക്ഷീര കർഷകർക്ക് ആശ്വാസം നൽകുന്നതിനാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്. പാൽവില കുറച്ചെങ്കിലും വർധിപ്പിക്കുന്നതിൽ പ്രശ്നമില്ല എന്ന നിലപാടാണ് സർക്കാരിനുള്ളത്.എത്ര രൂപയാണ് വർധിപ്പിക്കുക എന്നതിനെക്കുറിച്ച് മന്ത്രി കൃത്യമായ കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ല.സർക്കാരിൻ്റെ അനുമതിയോടെ മിൽമ പാൽ വില വർധിപ്പിച്ചാൽ, എല്ലാ പാൽ ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില കൂടും. ഇത് മറ്റ് സ്വകാര്യ പാൽ ഉൽപാദകരെയും വില വർധിപ്പിക്കാൻ പ്രേരിപ്പിക്കും.