ആലപ്പുഴ: ജനുവരിയിൽ മെഗാ പ്ലാസ്റ്റിക് മുക്ത ഡ്രൈവ് നടത്തും. വേമ്ബനാട് കായൽ മേഖലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും ക്ലീനിങ് ഡ്രൈവ് നടത്തും. ആദ്യഘട്ടത്തിൽ 10 ഹോട്ട് സ്പോട്ട് കണ്ടെത്തിയാണ് മെഗാ പ്ലാസ്റ്റിക് ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, മത്സ്യത്തൊഴിലാളികൾ, സന്നദ്ധസംഘടനകൾ, ഹരിതകേരളം മിഷൻ, കുടുംബശ്രീ, ഹരിതകർമസേന, വിമുക്തഭടന്മാർ, പരിസ്ഥിതി പ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങിയവരെ പങ്കെടുപ്പിക്കും.
പോളപായലിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാനും പദ്ധതിയുണ്ട്. വേമ്ബനാട് കായൽ പുനരുജ്ജീവനത്തിന്റെയും സംരക്ഷണപ്രവർത്തനങ്ങളുടെയും ഭാഗമായി പ്ലാസ്റ്റിക് ക്ലീനിങ് ഡ്രൈവിന് പുറമെ, ബയോഷീൽഡ് ഒരുക്കൽ, വേമ്ബനാട് കായൽ ഇന്റർപ്രെട്ടേഷൻ സെന്റർ, യാൺ മ്യൂസിയം, ബോട്ടിൽ ബൂത്തുകൾ, കമ്യൂണിറ്റി ടൂറിസം, മത്സ്യവിത്തുകൾ നിക്ഷേപിക്കൽ തുടങ്ങിയ ഒട്ടേറെ പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്.കലക്ടർ അലക്സ് വർഗീസിന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പ്രാഥമിക യോഗത്തിലാണ് തീരുമാനം ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പ്ലാസ്റ്റിക് മുക്ത വേമ്ബനാട് കാമ്ബയിൻ സംഘടിപ്പിക്കുന്നത്.
മത്സ്യത്തൊഴിലാളികൾ, ഹൗസ്ബോട്ട് ജീവനക്കാർ, ഉടമകൾ, വേമ്ബനാട് കായലിന്റെ തീരത്ത് താമസിക്കുന്നവർ തുടങ്ങിയവർക്കിടയിൽ ബോധവത്കരണം നടത്താനും യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ എച്ച്. സലാം എം.എൽ.എ. ജില്ല പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷനായ ബിനു ഐസക് രാജു. എ.ഡി എം ആശ സി. എബ്രഹാം, അന്താരാഷ്ട്ര കായൽ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. കെ. ജി. പത്മകുമാർ, ഡെപ്യൂട്ടി കലക്ടർമാരായ സി. പ്രേംജി, ജോളി ജോസഫ്, കുഫോസിലെ ഡോ. സഞ്ജീവൻ. എസ്.ഡി കോളജിലെ പ്രഫ. ഡോ. ജി.എൻ. പ്രഭു, തദ്ദേശസ്ഥാപന പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.