Banner Ads

റീൽസ് ഭ്രമം ജീവൻ കവർന്നു: കഴുത്തിലിട്ട പാമ്പിന്റെ കടിയേറ്റ് യുവാവ് മരിച്ചു.

മുസഫർനഗർ: വീഡിയോ ചിത്രീകരിക്കുന്നതിനായി പാമ്പിനെ കഴുത്തിലിട്ട യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ മോർന ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. 24 വയസ്സുള്ള മോഹിത് കുമാറാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് യുവാവിന് പാമ്പുകടിയേറ്റതെന്ന് പോലീസ് അറിയിച്ചു.

അയൽവാസിയുടെ വീട്ടിൽ നിന്ന് പിടികൂടിയ പാമ്പിനെ കഴുത്തിൽ ചുറ്റി സാഹസിക പ്രകടനം നടത്തുന്നതിനിടെയാണ് മോഹിത്തിന് കടിയേറ്റത്. വിഷബാധയേറ്റ ഉടൻതന്നെ മോഹിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോഹിത് പാമ്പുമായി സാഹസിക പ്രകടനം നടത്തുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. യുവാവിനെ കടിച്ച പാമ്പിനെ പിന്നീട് സമീപത്തെ കാട്ടിൽ തുറന്നുവിട്ടു. മോഹിതിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിരിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.