Banner Ads

കാക്കനാട് ജയിലിലെ റീൽസ് ചിത്രീകരണ൦ ; ജയിൽ സൂപ്രണ്ട് പൊലീസിൽ പരാതി നൽകി

എറണാകുളം :കാക്കനാട് ജയിലിലെ റീൽസ് ചിത്രീകരണ൦ ജയിൽ സൂപ്രണ്ട് അനുമതിയില്ലാതെ ജയിലിനുള്ളിലെ ദൃശ്യങ്ങൾ പകർത്തിയവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജയിൽ സൂപ്രണ്ട് പൊലീസിൽ പരാതി നൽകി.ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന് പിന്നാലെയാണ് പരാതി നൽകിയത്.

ഇൻഫോപാർക്ക് പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. ജയിലിനുള്ളിലെ ദൃശ്യങ്ങൾ പകർത്തുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്. കാക്കനാട് ജില്ലാ ജയിലിൽ ജീവനക്കാരന്റെ വിരമിക്കൽ പാർട്ടിയിൽ ക്രിമിനൽ പശ്ചാത്തലം ഉള്ളവർ ജയിലിനുള്ളിലെ ദൃശ്യങ്ങൾ പകർത്തി റീൽ ചിത്രീകരിച്ചതായാണ് പരാതിയുണ്ടായത്.

ജയിലിന് ഉള്ളിലെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നതോടെ വിഷയത്തിൽ രഹസ്യന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി. ക്രിമിനൽ പശ്ചാത്തലമുള്ള ആളുകൾ ജയിലിൽ എത്തിയത് വീഴ്ച ആണെന്നാണ് പൊലീസ് റിപ്പോർട്ട്. വിരമിച്ച ജീവനക്കാരന്റെ ക്ഷണപ്രകാരമാണ് ഇവർ ജയിലിൽ വന്നത് എന്നും ഫോണുകൾ ഉൾപ്പെടെ ജയിലിനുള്ളിൽ കൊണ്ടുപോകാൻ അനുവദിച്ചിട്ടില്ല എന്നും ജയിൽ അധികൃതർ പറയുന്നത്.

എന്നാൽ രജിസ്റ്ററിൽ പേര് വിവരങ്ങൾ ഉൾപ്പെടെ രേഖപ്പെടുത്തിയ ശേഷമാണ് ഇവരെ ജയിലിനുള്ളിൽ പ്രവേശിപ്പിച്ചത് എന്നും ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണ് എന്നത് അറിഞ്ഞില്ല എന്നുമാണ് ജയിൽ അധികൃതർ വ്യക്തമാക്കുന്നത്.വിരമിച്ച ജീവനക്കാരന്റെ കൂടെ ഉണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങളാകാം പുറത്ത് വന്നത് എന്നും ജയിൽ അധികൃതർ വ്യക്തമാക്കി സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ജയിൽ ഡിജിപിയും നിർദ്ദേശം നൽകിയിരുന്നു. സംഭവത്തിന്റെ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.