
ദില്ലി : ഭീകരർക്ക് ബോംബ് നിർമ്മാണ വീഡിയോകൾ അയച്ചത് വിദേശത്ത് നിന്ന്; നിർണായക വിവരങ്ങൾ പുറത്ത്.ചെങ്കോട്ട സ്ഫോടനം ആസൂത്രണം ചെയ്തവർക്ക് അഫ്ഗാനിസ്ഥാനിൽ തീവ്രവാദ പരിശീലനം ലഭിച്ചതായി അന്വേഷണ ഏജൻസികളുടെ സംശയം ബലപ്പെടുന്നു.പിടിയിലായ പ്രധാന പ്രതികളിലൊരാളായ മുസമ്മീൽ തുർക്കി വഴി അഫ്ഗാനിസ്ഥാനിലേക്ക് പോയതിന്റെ നിർണായക സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
അറസ്റ്റിലായ ഡോക്ടർമാരും ഉമർ നബിയും പാക് തീവ്രവാദ സംഘടനകളായ ജെയ്‌ഷെ മുഹമ്മദിനും ഐഎസിന്റെ ശാഖയായ അൻസാർ ഗസ്‌വാത് അൽ ഹിന്ദിനും വേണ്ടിയാണ് പ്രവർത്തിച്ചിരുന്നതെന്നും വ്യക്തമായി.തുർക്കിയിലെ അങ്കാറയിൽ നിന്നുള്ള ‘ഉകാസ’ എന്ന കോഡ് നാമമുള്ള വ്യക്തിയാണ് ഡോക്ടർമാരുടെയും ജെയ്‌ഷ്/അൻസാർ ഭീകരരുടെയും ഇടനിലക്കാരനായി പ്രവർത്തിച്ചത്. ഈ ഉകാസയാണ് മുസമ്മീലിനെ തുർക്കി, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയത്.വിദേശത്തു നിന്നുള്ള ഭീകരർ ബോംബ് നിർമ്മാണത്തിന്റെ വീഡിയോകൾ ഡോക്ടർമാർക്ക് അയച്ചു നൽകിയാണ് സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ സഹായിച്ചത്.
വിദേശത്തുനിന്ന് സ്ഫോടനം നിയന്ത്രിച്ച മൂന്ന് ഭീകരരുടെ പേരുകൾ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്.2008-ലെ ബട്ല ഹൗസ് ഏറ്റുമുട്ടലിന് ശേഷം ഒളിവിൽ പോയ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ മിർസ ഷദാബ് ബെയിഗിന്റെ പങ്കും അന്വേഷണ സംഘം പരിശോധിക്കുന്നു. അൽഫലാഹ് എഞ്ചിനീയറിംഗ് കോളേജിലാണ് ഇയാൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.ഉമർ നബിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ഏജൻസികൾ തേടിയിട്ടുണ്ട്.ഭീകര സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താനായി കാൺപൂരിലും പരിശോധന പുരോഗമിക്കുകയാണ്.ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത ഹാപ്പൂരിലെ ഒരു ഡോക്ടറെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു.