
കോഴിക്കോട് : സംസ്ഥാനത്ത് പലയിടത്തും ചെങ്കണ്ണ് (കൺജങ്ക്‌റ്റിവൈറ്റിസ്) പടരുന്നതായി റിപ്പോർട്ട്. കുട്ടികൾ ഉൾപ്പെടെ നിരവധി പേർ ചികിത്സ തേടി ആശുപത്രികളിൽ എത്തുന്നുണ്ട്. കഴിഞ്ഞ വർഷം കൂടുതലും വൈറസ് മൂലമായിരുന്നു രോഗമെങ്കിൽ ഇത്തവണ ബാക്ടീരിയ കാരണം ഉണ്ടാകുന്ന കൺജങ്ക്‌റ്റിവൈറ്റിസ് ആണ് വ്യാപകമാകുന്നത്.
ബാക്ടീരിയൽ അണുബാധയായതുകൊണ്ട് കണ്ണിൽ പീള അടിയുന്നത് കൂടുതലാണ്.സാധാരണയായി ഒരാഴ്ചകൊണ്ട് ഭേദമാകുന്ന രോഗം ഇത്തവണ പൂർണമായി മാറാൻ രണ്ടാഴ്ച വരെ സമയമെടുക്കുന്നുണ്ട്. ഇത് വളരെ പെട്ടെന്ന് പടരാൻ സാധ്യതയുള്ള നേത്രരോഗമാണ്. ഒരാൾക്ക് രോഗം ബാധിച്ചാൽ വീട്ടിലെ മറ്റുള്ളവരിലേക്കും പകരാൻ സാധ്യതയുണ്ട്.
കൃത്യമായ ശ്രദ്ധയും ചികിത്സയും നൽകിയാൽ രോഗം തടയാൻ സാധിക്കും. അശ്രദ്ധ കാണിച്ചാൽ രോഗം സങ്കീർണമാകാൻ സാധ്യതയുണ്ട്. ചെങ്കണ്ണ് വന്നാൽ ഉടൻതന്നെ നേത്രരോഗ വിദഗ്ദ്ധന്റെ സേവനം തേടി കൃത്യമായി മരുന്നുകൾ ഉപയോഗിക്കണം. രോഗിക്ക് പൂർണവിശ്രമം ആവശ്യമാണ്. കണ്ണിന് ആയാസം നൽകുന്ന ടി.വി., മൊബൈൽ ഫോൺ ഉപയോഗം പോലുള്ള പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കണം.