Banner Ads

റേഷൻ വിഹിതം ഇനി കുറയില്ല: മഞ്ഞക്കാർഡുകാർക്ക് അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ ധാന്യം നൽകാൻ കേന്ദ്രനീക്കം.

അന്ത്യോദയ അന്നയോജന (AAY) വിഭാഗത്തിൽപ്പെട്ട മഞ്ഞക്കാർഡുകാർക്ക് റേഷൻ വിഹിതം ഇനി മുതൽ കുടുംബത്തിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ നൽകാൻ കേന്ദ്രം ആലോചിക്കുന്നു.മഞ്ഞക്കാർഡുകൾക്ക് പ്രതിമാസം 35 കിലോ ധാന്യം സൗജന്യമായി നൽകുന്നു. കുടുംബാംഗങ്ങളുടെ എണ്ണം പരിഗണിക്കാതെയാണ് ഈ വിഹിതം.

കാർഡിലെ ഓരോ അംഗത്തിനും പ്രതിമാസം 7.5 കിലോ ധാന്യം വീതം നൽകാനാണ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ നീക്കം.അർഹരായ കൂടുതൽ പേരുള്ള കുടുംബങ്ങൾക്ക് മെച്ചപ്പെട്ട വിഹിതം ലഭിക്കുന്നതിനും, ധാന്യം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും വേണ്ടിയാണ് ഈ പുതിയ തീരുമാനം.നിലവിൽ, പിങ്ക് (പി.എച്ച്.എച്ച്.), നീല (എൻ.പി.എസ്.) കാർഡുകൾക്ക് അംഗങ്ങളുടെ എണ്ണമനുസരിച്ചാണ് വിഹിതം നൽകുന്നത്.

ഇതേ മാതൃക മഞ്ഞക്കാർഡിനും സ്വീകരിക്കാനാണ് സാധ്യത.ഭക്ഷ്യഭദ്രതാ നിയമം (Food Security Act) നടപ്പാക്കിയപ്പോഴാണ് എഎവൈ വിഭാഗത്തിന് 35 കിലോ ധാന്യം നിശ്ചയിച്ചത്. അതിനാൽ, അംഗസംഖ്യ കണക്കാക്കിയുള്ള റേഷൻ വിതരണം നടപ്പാക്കണമെങ്കിൽ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്.ഒരംഗം മാത്രമുള്ള കാർഡുകൾക്കും 35 കിലോ ധാന്യം നൽകുന്ന രീതിയിൽ കേന്ദ്ര ഭക്ഷ്യ മന്ത്രാലയം കേരളത്തെ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.