Banner Ads

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: റാപ്പർ വേടൻ ജാമ്യത്തിൽ, ‘എല്ലാം പറയും’

കൊച്ചി : ബലാത്സംഗ കേസിൽ അറസ്റ്റിലായ റാപ്പർ വേടനെ തൃക്കാക്കര പോലീസ് ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് വേടനെ അറസ്റ്റ് ചെയ്തത്.

കേസിനെ കുറിച്ച് കൂടുതൽ പറയാനുണ്ടെന്നും കോടതിയുടെ പരിഗണനയിലായതിനാൽ ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും ജാമ്യത്തിലിറങ്ങിയ ശേഷം വേടൻ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് വേടനെ പോലീസ് അറസ്റ്റ് ചെയ്തത്.

പരസ്പര സമ്മത പ്രകാരമുള്ള ബന്ധമായിരുന്നു താനും പരാതിക്കാരിയും തമ്മിലെന്നാണ് വേടൻ പൊലീസിനോടു പറഞ്ഞത്. പിന്നീട് അസ്വാരസ്യങ്ങൾ ഉണ്ടായപ്പോഴാണു ബലാൽസംഗം ചെയ്‌തെന്ന ആരോപണം ഉന്നയിച്ചതെന്നും വേടൻ മൊഴി നൽകി. 2021 മുതൽ 2023 വരെ പരാതിക്കാരിയുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും പലയിടങ്ങളിലും ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇന്നലെ 6 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ച വേടനോട് ഇന്നു രാവിലെ വീണ്ടും ഹാജരാകാൻ നിർദേശിച്ചിരുന്നു. അറസ്റ്റുണ്ടായാൽ ഒരു ലക്ഷം രൂപയുടെ ബോണ്ടും സമാന തുകയ്ക്കു രണ്ടുപേരുടെ ജാമ്യത്തിലും വിട്ടയയ്ക്കണമെന്ന് നേരത്തേ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.