
ജയ്പൂർ : രാജസ്ഥാൻ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് ചരിത്രവിജയം. ബീക്കാനർ ജില്ലയിലെ നോഖാ മുൻസിപ്പാലിറ്റിയിൽ ആകെയുള്ള 45 സീറ്റുകളിൽ 29 എണ്ണത്തിലും വിജയിച്ച് സിപിഎം നഗരസഭ ഭരണം പിടിച്ചെടുത്തു. ബിജെപിക്ക് 13 സീറ്റുകൾ മാത്രമാണ് നേടാനായത്.
മൂന്ന് ഇടങ്ങളിൽ സ്വതന്ത്രർ വിജയിച്ചു. നോഖയിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. പകരം സിപിഎമ്മും പ്രാദേശിക സംഘടനയായ വികാസ് മഞ്ചും ചേർന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സഖ്യത്തിലെ സ്ഥാനാർത്ഥികളെല്ലാം അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് മത്സരിച്ചത്.
മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെയുടെ തട്ടകമായ ജലാവർ നഗരസഭ ബിജെപിക്ക് നഷ്ടമായി. ആകെയുള്ള 45 വാർഡുകളിൽ 29 എണ്ണം നേടി കോൺഗ്രസ് ഉജ്ജ്വല വിജയം സ്വന്തമാക്കി. ബിജെപി 13 വാർഡുകളിലേക്ക് ഒതുങ്ങി.