Banner Ads

വീട്ടിൽ വൈകിയെത്തിയത് ചോദ്യം ചെയ്തു; അച്ഛനെ മകൻ ഫോൺ എറിഞ്ഞ് പരിക്കേൽപ്പിച്ചു

കോഴിക്കോട് : വീട്ടിൽ വൈകിയെത്തിയതിനെ ചോദ്യം ചെയ്തതിൻ്റെ പേരിൽ മകൻ അച്ഛനെ ഫോൺ കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ചു. താമരശ്ശേരി വെഴുപ്പൂർ സ്വദേശി അശോകനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. അച്ഛനും മകനും തമ്മിലുള്ള വഴക്ക് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് ഇടപെട്ട് നന്ദു കിരണിനെ പിടിച്ചുമാറ്റുന്നതിനിടയിലാണ് കയ്യിലിരുന്ന മൊബൈൽ ഫോൺ അച്ഛനായ അശോകന്റെ നേർക്ക് എറിഞ്ഞത്. തലയ്ക്ക് പരിക്കേറ്റ അശോകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നന്ദു പതിവായി വീട്ടിൽ വൈകിയെത്തുന്ന ആളാണെന്ന് പ്രദേശവാസികൾ പറയുന്നു.

നന്ദു ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും സംഭവം നടക്കുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. നന്ദു കിരണിനെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മേഖലയിൽ ലഹരി വ്യാപനം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും ജാഗ്രത പുലർത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.