
കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കുമെന്ന് പി.വി. അൻവർ. തിരഞ്ഞെടുപ്പിൽ പ്രാദേശിക കൂട്ടുകെട്ടുകൾ ഉണ്ടാക്കുമെന്നും യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗമായിരിക്കും തൻ്റെ പാർട്ടി എന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ യു.ഡി.എഫ് ഘടകകക്ഷിയാകുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിൽ ധാരണയുണ്ടാക്കാൻ ജില്ലാ ഘടകങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അൻവർ പറഞ്ഞു. ജനാധിപത്യ മതേതര പാർട്ടികളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഫാസിസ്റ്റ് കക്ഷികളുമായി യാതൊരു ബന്ധവും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമുദായ സംഘടനകളുടെ മതേതര സ്വഭാവത്തെ സി.പി.എം. ഹൈജാക്ക് ചെയ്യുന്നുവെന്ന് അൻവർ ആരോപിച്ചു. വർഗീയ നേട്ടം ലക്ഷ്യമിട്ടാണ് ഇത് ചെയ്യുന്നതെന്നും സമുദായ പ്രവർത്തകർ ഇതിൽ കുടുങ്ങാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.