
ബെംഗളൂരു : സംസ്ഥാനങ്ങൾ പ്രവേശന നികുതി വീണ്ടും ഈടാക്കുന്നതിൽ പ്രതിഷേധിച്ച് സ്വകാര്യ അന്തസ്സംസ്ഥാന ടൂറിസ്റ്റ് ബസുകൾ ആരംഭിച്ച പണിമുടക്ക് തുടരുന്നു. സമരത്തെത്തുടർന്ന് 200ലധികം ബസുകൾ സർവീസ് നിർത്തിവെച്ചതോടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കേരള ആർടിസിയും (KSRTC) കർണാടക ആർടിസിയും ഇന്നും നാളെയും പ്രത്യേക സർവീസുകൾ നടത്തും.
കേന്ദ്രത്തിന്റെ ഓൾ ഇന്ത്യ പെർമിറ്റെടുത്ത ടൂറിസ്റ്റ് ബസുകളിൽ നിന്ന് കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾ വീണ്ടും പ്രവേശന നികുതി ഈടാക്കുന്നതിലാണ് പ്രതിഷേധം. ബെംഗളൂരുവിൽ നിന്ന് എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് അടക്കമുള്ള സ്ഥലങ്ങളിലേക്കുള്ള ഭൂരിഭാഗം ബസുകളും സർവീസ് നിർത്തിവെച്ചു. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കും തിരിച്ചും ഇരു ആർടിസികളും സ്പെഷൽ സർവീസുകൾ ഏർപ്പെടുത്തി.