
കണ്ണൂർ : കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജില്ലയിലെ 40 സ്വകാര്യ ബസുകൾ കൂടി സർവീസ് നിർത്തിവെച്ചു. നികുതി കാലാവധി അവസാനിച്ച ജൂൺ 30ഓടെയാണ് ബസ് ഉടമകൾ സർവീസ് അവസാനിപ്പിച്ച് മോട്ടോർ വാഹന വകുപ്പിന് ജി-ഫോം സമർപ്പിച്ചത്.
ഡീസൽ വിലവർദ്ധനവും യാത്രയ്ക്കായി പ്രിയദർശിനി സൗജന്യ നിരക്കുകളുമാണ് പ്രതിസന്ധിയിലാക്കിയതെന്ന് ബസ് ഉടമകൾ പറയുന്നു. സാമ്പത്തിക നഷ്ടം കാരണം നിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കുമ്പോൾ റോഡ് നികുതി ഒഴിവാക്കി കിട്ടാനാണ് ആർടിഒയിൽ ജി-ഫോം നൽകുന്നത്.
യാത്രാക്കാരുടെ കുറവ്, ടിക്കറ്റ് വരുമാനത്തിലെ ഇടിവ്, ഡീസൽ വിലക്കയറ്റം എന്നിവ മൂലം മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഉടമകൾ. പത്ത് വർഷം മുൻപ് ജില്ലയിൽ 2200ഓളം സ്വകാര്യ ബസുകൾ ഓടിയിരുന്ന സ്ഥാനത്ത് നിലവിൽ വെറും 800-900 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.
കോവിഡിന് ശേഷം യാത്രക്കാർ കുറയുകയും ഭൂരിഭാഗം പേരും സ്വന്തം വാഹനങ്ങളിലേക്ക് മാറുകയും ചെയ്തത് കനത്ത തിരിച്ചടിയായി. സ്വകാര്യ ബസ് മേഖല നിലവിൽ വംശനാശത്തിന്റെ വക്കിലാണ്. പ്രതിദിനം ഡീസലിന് മാത്രം 820 രൂപയുടെ അധികച്ചെലവാണ് വരുന്നത്.
പ്രശ്നങ്ങൾ അധികൃതരെ ധരിപ്പിച്ചെങ്കിലും ഇതുവരെ ശാശ്വത പരിഹാരമുണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ സർവീസ് നിർത്തേണ്ടി വരുമെന്ന് എന്ന് കണ്ണൂർ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജ്കുമാർ കരുവാരത്ത് വ്യക്തമാക്കി.