കൊല്ലം:കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയായ യുവതിക്ക് ഭർത്താവിന്റെയും കുടുംബത്തിന്റെയും ക്രൂരമർദ്ദനം. കൊല്ലം സ്വദേശിയായ യുവതിയെയാണ് വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ക്രൂരമായി മർദ്ദിച്ചത്. മുഖത്തും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്.
സൈനികനായ ഭർത്താവിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഗർഭം അലസിപ്പിക്കാനായി ഭർത്താവ് വയറ്റിൽ ചവിട്ടിയെന്നും യുവതി പരാതിയിൽ പറയുന്നു. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം മുതൽ സ്ത്രീധനത്തിന്റെ പേരിൽ പീഡനം ആരംഭിച്ചിരുന്നു. 28 പവൻ സ്വർണ്ണവും 11 ലക്ഷം രൂപയും നൽകിയിരുന്നുവെങ്കിലും ഭർത്താവിന്റെ അച്ഛനും അമ്മയും പീഡനം തുടർന്നു.
‘എനിക്ക് വണ്ണം കൂടുതലാണ്’ എന്ന് പറഞ്ഞ് ഭർത്താവ് ബോഡി ഷെയിമിങ് നടത്തിയിരുന്നതായും യുവതി പറയുന്നു. വിവാഹം കഴിഞ്ഞ് 13-ാം ദിവസം, ഭർത്താവിനെ അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് ഭർത്താവിന്റെ അമ്മ വീട്ടുകാരെ വിളിച്ചറിയിച്ചു. ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ, ഭർത്താവ് ഈ വിവരം ആരോടും പറയേണ്ടെന്ന് ആവശ്യപ്പെട്ടു. ‘മകന്റെ ഗർഭമല്ല’ എന്ന് ഭർത്താവിന്റെ അമ്മ പറഞ്ഞതായും, ‘ചവിട്ടി കലക്കെടാ’ എന്ന് മകനോട് ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നു.