
കൊച്ചി : മലയാള സിനിമയിലെ സമീപകാല റീ-റിലീസ് തരംഗത്തിലേക്ക് എക്കാലത്തെയും പ്രിയപ്പെട്ട ഹാസ്യചിത്രമായ കല്യാണരാമൻ വീണ്ടും എത്തുന്നു. നടൻ ദിലീപിന്റെ ജന്മദിനത്തിൽ ആരാധകർക്കായി ചിത്രത്തിന്റെ കല്യാണരാമൻ 4K റീ-റിലീസ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
2002ൽ പുറത്തിറങ്ങി വൻ വിജയം നേടിയ ചിത്രം 24 വർഷങ്ങൾക്ക് ശേഷമാണ് അത്യാധുനിക ദൃശ്യ-ശബ്ദ മികവോടെ തിയറ്ററുകളിലേക്ക് തിരിച്ചെത്തുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ, കിരീടം തുടങ്ങിയ ചിത്രങ്ങൾ റീമാസ്റ്റർ ചെയ്ത ഹൈ സ്റ്റുഡിയോസ് ആണ് കല്യാണരാമനും 4K ദൃശ്യനിലവാരത്തിലും ഡോൾബി അറ്റ്മോസ് ശബ്ദമികവിലും ഒരുക്കുന്നത്.
ദിലീപ്-ഇന്നസെന്റ്-സലിം കുമാർ കൂട്ടുകെട്ടിന്റെ കോമഡി രംഗങ്ങൾ വീണ്ടും തിയറ്ററുകളിൽ കാണാമെന്ന ആവേശത്തിലാണ് സിനിമാസ്വാദകർ. ഷാഫി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബെന്നി പി നായരമ്പലമാണ്. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് ബേണി ഇഗ്നേഷ്യസ് സംഗീതം നൽകി. കൈതപ്രത്തിന്റേതാണ് വരികൾ.
പി സുകുമാർ ഛായാഗ്രഹണവും ഹരിഹരപുത്രൻ എഡിറ്റിംഗും നിർവ്വഹിച്ചു. ദിലീപ്, നവ്യ നായർ, കുഞ്ചാക്കോ ബോബൻ, ലാൽ, ലാലു അലക്സ്, ജ്യോതിർമയി എന്നിവർക്കൊപ്പം ഇന്നസെന്റ്, സലിം കുമാർ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചുപ്രേമൻ, ബോബൻ ആലുമ്മൂടൻ തുടങ്ങിയ താരനിര തന്നെ ചിത്രത്തിലുണ്ട്. പിആർഓ: പി ശിവപ്രസാദ്.