തിരുവനന്തപുരം: വേതന വർദ്ധനവ് ആവശ്യപ്പെട്ട് എട്ട് മാസമായി പ്രതിഷേധം നടത്തിവരുന്ന ആശാ പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
രാവിലെ 12 മണി മുതൽ ആശാ പ്രവർത്തകർ ക്ലിഫ് ഹൗസിനു മുന്നിൽ പ്രതിഷേധം നടത്തുകയായിരുന്നു. സമരക്കാർ പാട്ടകൊട്ടിയും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധിച്ചത്. ബാരിക്കേഡിന് മുകളിൽ കയറിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പിരിച്ചുവിടാനാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.
ബാരിക്കേഡ് മറികടന്ന രണ്ട് പേരെ പോലീസ് പിടികൂടി. കൂടാതെ സമരക്കാർ ഉപയോഗിച്ച മൈക്കും സ്പീക്കറും പോലീസ് പിടിച്ചെടുത്തു. ഇത് പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് സമരക്കാർ പോലീസ് ജീപ്പ് തടഞ്ഞു. തുടർന്ന് നിരവധി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നന്ദാവനം പോലീസ് ക്യാമ്പിലേക്ക് മാറ്റി.
പ്രതിഷേധത്തിനിടെ പോലീസ് ലാത്തി കൊണ്ട് കുത്തിയെന്നും പ്രവർത്തകയായ എസ്. മിനിയുടെ വസ്ത്രങ്ങൾ വലിച്ചു കീറിയെന്നും ആശാ പ്രവർത്തക ബിന്ദു ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് സമരക്കാർ വ്യക്തമാക്കി.