Banner Ads

മോശമായി പെരുമാറിയിട്ടില്ല, വിവരങ്ങൾ ചോദിക്കുക മാത്രം; അൻസിബയുടെ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പോലീസ്

കൊച്ചി : താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നുള്ള രാജിക്ക് പിന്നാലെ നടി അൻസിബ ഹസൻ നൽകിയ പരാതികളിൽ വഴിത്തിരിവ്. നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മയ്ക്കും എതിരെ അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് റിപ്പോർട്ട്.

വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മിപ്രിയയും വനിതാ എസ്ഐയും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അൻസിബയുടെ പരാതി. എന്നാൽ വനിതാ എസ്ഐ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

പരാതിയിൽ കേസെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാണിച്ച് തൃക്കാക്കര എസിപി കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. അതേസമയം, അൻസിബക്കെതിരെ ലക്ഷ്മിപ്രിയ നൽകിയ പരാതിയിലും അടിസ്ഥാനമില്ലെന്ന് പോലീസ് റിപ്പോർട്ടിലുണ്ട്. നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി അൻസിബ മുന്നോട്ട് പോവുകയാണ്.

തനിക്കെതിരെ ടിനി തുടർച്ചയായി സൈബർ അധിക്ഷേപങ്ങളും വർഗീയ പരാമർശങ്ങളും നടത്തുന്നുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് പെരുമാറുന്നതെന്നും കാണിച്ച് താരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അൻസിബ പറഞ്ഞിരുന്നു.

അമ്മ സംഘടനയുടെ മുന്നോട്ടുപോക്കിനെത്തന്നെ ബാധിച്ച ആഭ്യന്തര തർക്കങ്ങളുടെ തുടക്കം ഫെബ്രുവരി 14ന് നടന്ന കുടുംബ സംഗമത്തിന്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ടാണ്. ദല്ലാൾ നന്ദകുമാർ (ടിജി നന്ദകുമാർ) പ്രസിഡന്റായ വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമാണ് പരിപാടിയുടെ സ്പോൺസർമാരായി എത്തിയത്.

ഒരു മതസ്ഥാപനം അമ്മയുടെ ഔദ്യോഗിക പരിപാടിയുടെ സ്പോൺസർമാരാകുന്നതിനെ അൻസിബ ഹസൻ ഉൾപ്പെടെയുള്ള ചില എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ശക്തമായി എതിർത്തു. കുടുംബ സംഗമത്തിന് പിന്നാലെ അൻസിബ സംഘടനയിലെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു അമ്മ പ്രസിഡന്റ് ശ്വേത മേനോൻ ആദ്യം വ്യക്തമാക്കിയത്. എന്നാൽ തന്റെ രാജിക്ക് പിന്നിലെ യഥാർത്ഥ കാരണം ടിനി ടോം ആണെന്ന് അൻസിബ പിന്നീട് പരസ്യപ്പെടുത്തുകയായിരുന്നു.