
കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടനെ ചോദ്യം ചെയ്തതിന് പിന്നാലെ തൃക്കാക്കര പോലീസ് സ്റ്റേഷന് മുന്നിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. റാപ്പറെ ഉടൻ വിട്ടയക്കണം എന്നാവശ്യപ്പെട്ട് രണ്ട് യുവാക്കൾ പോലീസ് സ്റ്റേഷന് മുന്നിൽ തമ്പടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഹൈക്കോടതി ജാമ്യം അനുവദിച്ച വേടനെ എന്തിനാണ് പോലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചിരിക്കുന്നതെന്നായിരുന്നു ഇവരുടെ ചോദ്യം.
പോലീസ് പലതവണ ആവശ്യപ്പെട്ടിട്ടും പിരിഞ്ഞുപോവാൻ തയ്യാറാവാത്തതിനെ തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലിട്ടു. ലോക്കപ്പിലും ഇവർ ബഹളം തുടർന്നതായി പോലീസ് പറയുന്നു. യുവാക്കൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു.
രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം റാപ്പർ വേടനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കേസിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നും, എന്നാൽ കോടതിയുടെ പരിഗണനയിലായതുകൊണ്ട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ജാമ്യത്തിലിറങ്ങിയ ശേഷം വേടൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ കേസിൽ വേടന് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.