
കൊച്ചി : ആലുവ ചൊവ്വരയിലെ പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിൽ പൂജാസാധനങ്ങൾ മോഷ്ടിച്ച കേസിൽ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. അസം കാമ്പൂർ സ്വദേശിയായ റസിദുൾ ഹഖ് (22) നെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള പൂജാസാധനങ്ങളാണ് ഇയാൾ കവർന്നത്. ഏകദേശം 10000 രൂപ വിലവരുന്ന വെങ്കല ഉരുളി, തൂക്കുവിളക്ക്, ചിലസ്, ചെമ്പ് കുടം തുടങ്ങിയവയാണ് പ്രതി മോഷ്ടിച്ചത്. ചൊവ്വര മഹാദേവ ക്ഷേത്രത്തിന് സമീപം സംശയാസ്പദമായ രീതിയിൽ കണ്ട ഇയാളെ പിടികൂടുകയായിരുന്നു.
നെടുമ്പാശ്ശേരി ഇൻസ്പെക്ടർ ബികെ അരുൺ, എസ്ഐ ടി അനൂപ്, എഎസ്ഐമാരായ റോണി അഗസ്റ്റിൻ, നൈജോ സെബാസ്റ്റ്യൻ, സിപിഒ ഗയൂസ് പീറ്റർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.