Banner Ads

കാപ്പ പ്രതിയെ പിടികൂടാനെത്തിയ പൊലീസിനു നേരെ ആക്രമണം; രണ്ടു പൊലീസുകാർക്ക് പരിക്ക്

തൃശൂർ : കുന്നംകുളത്ത് കാപ്പ കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ വധശ്രമക്കേസ് പ്രതികളുടെ ആക്രമണം. സംഭവത്തിൽ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ രതീഷ്, ദേവനാരായണൻ എന്നിവർക്ക് പരിക്കേറ്റു. കഴുത്തിന് പരിക്കേറ്റ സിപിഒ രതീഷിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വധശ്രമം, ലഹരിവസ്തു വിൽപ്പന തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ഗുരുവായൂർ സ്വദേശി അദീപിനെയും സംഘത്തെയുമാണ് പൊലീസ് പിടികൂടാൻ ശ്രമിച്ചത്. ഇന്നലെ ചീരങ്കുളം പാടത്തിന് സമീപം പ്രതിയും സംഘവും ഒത്തുകൂടിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുന്നംകുളം പൊലീസ് സ്ഥലത്തെത്തിയത്.

പൊലീസിനെ കണ്ടയുടൻ പ്രതിയും സംഘവും ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. കാപ്പ തടങ്കൽ കാലാവധി പൂർത്തിയാക്കി അടുത്തിടെയാണ് അദീപ് നാട്ടിൽ തിരിച്ചെത്തിയതെന്ന് പൊലീസ് അറിയിച്ചു.