
പാലക്കാട്: വടക്കഞ്ചേരിയില്‍ വഴക്കിടുന്നത് പിരിച്ചു വിടാൻ ശ്രമിച്ച ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫിലെ പോലീസുകാർക്ക് മർദനമേറ്റു. ആലത്തൂർ ഡിവൈഎസ്പി യുടെ കീഴിലുള്ള സ്ക്വാഡംഗങ്ങളായ സിനീയർ സിപിഒ മാരായ കെ.ലൈജു (37), സി.എം.ദേവദാസ് (40) എന്നിവർക്കാണ് മർദനമേറ്റത്. കല്ലുകൊണ്ടുള്ള കുത്തേറ്റ് ലൈജുവിന്റെ തല പൊട്ടി.
ഇരുവരും ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ചൂലനൂർ സ്വദേശി അരുൺ (18), പ്രായപൂർത്തിയാകാത്ത നാല് പേർ എന്നിവർക്കെതിരെ വടക്കഞ്ചേരി പോലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെ മംഗലം- ഗോവിന്ദാപുരം സംസ്ഥാന പാതയിൽ മംഗലം പാലത്തിനു സമീപമാണ് സംഭവം. കഞ്ചാവ് ഉപയോഗിക്കുന്നതായുള്ള വിവരത്തെത്തുടർന്ന് പരിശോധന കഴിഞ്ഞ് ബൈക്കിൽ വരികയായിരുന്നു പോലീസുകാർ. ഇരുവരും മഫ്ടിയിലായിരുന്നു.
അഞ്ച് പേർ റോഡരികിൽ നിന്ന് വഴക്കിടുന്നത് കണ്ട് പിരിച്ചു വിടാനെത്തിയപ്പോൾ പ്രകോപിതരായ ഇവർ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പോലീസാണെന്നറിയിച്ചിട്ടും മർദനം തുടരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ചുമട്ടു തൊഴിലാളികളും നാട്ടുകാരും തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
തുടർന്ന് വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി എല്ലാവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഘം ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്ത നാലു പേരെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. അരുണിനെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.