
കൽപറ്റ : നിയമാനുസൃതമായ അളവിൽ കൂടുതൽ വിദേശ മദ്യം കൈവശം വെച്ച് ചില്ലറ വിൽപ്പന നടത്തിയ യുവാവിനെ പടിഞ്ഞാറത്തറ പോലീസ് പിടികൂടി. വൈത്തിരി പൊഴുതന അറയന്മൂല സ്വദേശി വിപി നിഖിൽ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് നിഖിലിനെ പോലീസ് പിടികൂടിയത്.
ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിക്കുള്ളിൽ നിന്ന് 11 ലിറ്റർ വിദേശ മദ്യം പടിഞ്ഞാറത്തറ പോലീസ് കണ്ടെടുത്തു. 500 മില്ലിലിറ്ററിൻ്റെ 22 ബോട്ടിലുകൾ ആണ് പിടിച്ചെടുത്തത്. ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ നിന്ന് കൈവശം വെക്കാവുന്നതിലും അധികം മദ്യം വാങ്ങി സൂക്ഷിച്ചാണ് നിഖിൽ ചില്ലറ വിൽപ്പന നടത്തിയിരുന്നത്.
സാധാരണക്കാരായ തൊഴിലാളികൾക്ക് അടക്കം ഉയർന്ന വിലയിട്ട് വിൽക്കാൻ ലക്ഷ്യമിട്ടാണ് ഇയാൾ മദ്യം ശേഖരിച്ചത്. അവധി ദിനങ്ങളിലും മറ്റും ആവശ്യക്കാർക്ക് കരിഞ്ചന്തയിൽ മദ്യക്കുപ്പികൾ എത്തിച്ചു കൊടുത്ത് വൻ ലാഭം നേടുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. നിഖിലിനെതിരെ കേസെടുത്ത പടിഞ്ഞാറത്തറ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.