
പാലക്കാട് :പോക്സോ കേസിൽ 54കാരനായ പ്രതിക്ക് മൂന്നുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു പട്ടാമ്പി പോക്സോ കോടതി. മണ്ണാർക്കാട് സ്വദേശി നാരായണൻകുട്ടിയാണ് കോടതി ശിക്ഷിച്ചത്.2024 ജനുവരി 20നാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന് പരാതിയിലാണ് മണ്ണാർക്കാട് തച്ചനാട്ടുകര സ്വദേശി ചാമപറമ്പ് വെള്ളിത്തോട്ടിലിങ്ങൽ 54 വയസ്സുകാരനായ നാരായണൻ കുട്ടിയെ കോടതി ശിക്ഷിച്ചത്. മൂന്നുവർഷം കഠിനതടവിനും 25,000 രൂപ പിഴയുമാണ് പട്ടാമ്പി പോക്സോ കോടതി വിധിച്ചത്.
പട്ടാമ്പി പോക്സോ കോടതി ജഡ്ജ് ബിനീഷ് എം പിള്ളയാണ് വിധി പറഞ്ഞത്. പിഴ തുക അതിജീവിതയ്ക്ക് നൽകാനും വിധിച്ചു. പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ, 5 മാസം കൂടി തടവ് അനുഭവിക്കണം. പ്രതിയുടെ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻപോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നതായിരുന്നു കേസ്. മണ്ണാർക്കാട് നാട്ടുകാർ പോലീസ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ സന്ദീപ് ഹാജരായി. 16 രേഖകൾ ഹാജരാക്കി. ഇതിൽ 12 സാക്ഷികളെ വിസ്തരിച്ചു.