
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.ഐ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി അറിയിച്ചു. വിഷയം ചർച്ച ചെയ്യുന്നതിനായി സി.പി.എം., സി.പി.ഐ. നേതൃത്വങ്ങളും മന്ത്രിമാരും ചേർന്ന് യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയുടെ വർഗീയവൽക്കരണത്തിനും കച്ചവടവൽക്കരണത്തിനും എതിരായി ഉറച്ച നിലപാട് സ്വീകരിക്കാൻ ഇരുപാർട്ടികളും തീരുമാനിച്ചിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ നേരത്തെ നടപ്പാക്കിയ പി.എം. ഉഷ പദ്ധതിയുടെ മാതൃക പിഎം ശ്രീയിലും സ്വീകരിക്കുമെന്നും എം.എ. ബേബി വിശദീകരിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ഭാഗമായ നാലുവർഷ ബിരുദ കോഴ്‌സ് കേന്ദ്രം നിർദേശിച്ച അതേരീതിയിലല്ല കേരളം നടപ്പാക്കിയത്. മുൻ വൈസ് ചാൻസലർ ശ്യാം മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് സംസ്ഥാനം ഇതിന് രൂപം നൽകിയത്.
വർഗീയതയുടെയും കച്ചവടവൽക്കരണത്തിന്റെയും പിടിയിൽപ്പെടാതെ കേരളത്തിലെ വിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ എൽ.ഡി.എഫ്. സർക്കാരിന് കഴിയുമെന്ന ഉറപ്പിലാണ് കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ പരിഷ്കരിക്കുകയും വർഗീയത ഇല്ലാതെ നിലനിർത്തുകയും ചെയ്ത ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.