
കൊച്ചി : പിഎം ശ്രീ പദ്ധതിയിൽ നിന്നുള്ള പിൻമാറ്റത്തിന് പിന്നാലെ സിപിഐ നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മന്ത്രി ജി.ആർ. അനിലിനും പ്രകാശ് ബാബുവിനും എതിരെയാണ് ശിവൻകുട്ടി പ്രതികരിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് സമവായമായ ശേഷമാണ് സിപിഐ നേതാക്കളോടുള്ള അതൃപ്തി മന്ത്രി മറനീക്കി പുറത്തറിയിച്ചത്.
ജി.ആർ. അനിൽ സിപിഐ ഓഫീസിന് മുന്നിൽ വെച്ച് തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് ശിവൻകുട്ടി ആരോപിച്ചു. ബിനോയ് വിശ്വത്തെ കണ്ട് എന്തു കൊണ്ട് ഒപ്പിട്ടു എന്ന് വിശദീകരിക്കാനായിരുന്നു ഞാൻ വിളിച്ചത്. കൂടിക്കാഴ്ചക്ക് ശേഷം ഞാൻ ഒന്നും പറഞ്ഞില്ല. എന്നാൽ അനിൽ മാധ്യമങ്ങളോട് എന്നെ അവഹേളിക്കുന്ന രീതിയിൽ സംസാരിച്ചു. ഒരാൾ ഓഫീസിൽ വന്നാൽ സംസാരിക്കണമല്ലോ എന്നാണ് അനിൽ പറഞ്ഞത്.
അത് മര്യാദയില്ലാത്ത സംസ്കാരമാണെന്ന് ശിവൻകുട്ടി പറഞ്ഞു. പ്രകാശ് ബാബു എം.എ. ബേബിയെ അവഹേളിച്ചു എന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. എന്ത് അടിസ്ഥാനത്തിലാണ് ബേബി നിസ്സഹായൻ എന്ന് പറഞ്ഞത്. ബേബിയോട് സഹതാപം എന്ന് പറഞ്ഞു. ഞങ്ങളുടെ പാർട്ടി ജനറൽ സെക്രട്ടറിയാണ് അദ്ദേഹം. തീരെ മര്യാദ കുറഞ്ഞ വാക്കുകളാണ് പ്രകാശ് ബാബു പറഞ്ഞത്.
എഐഎസ്എഫ്, എഐവൈഎഫ് സംഘടനകൾ അതിരുകടന്ന് പ്രതിഷേധിച്ചു. എന്റെ കോലം എന്തിനു കത്തിച്ചു. എന്റെ വീട്ടിലേക്ക് രണ്ടു തവണ പ്രകടനം നടത്തി. താൻ ബിനോയ് വിശ്വത്തെ വിളിച്ചു പരാതിപ്പെട്ടെന്നും രണ്ട് സംഘടനകളും ചെയ്തത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞെന്നും ശിവൻകുട്ടി വ്യക്തമാക്കി.