
തിരുവനന്തപുരം : പിഎം ശ്രീ തർക്കത്തിൽ നാളത്തെ മന്ത്രിസഭാ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ സിപിഐ മന്ത്രിമാരുടെ തീരുമാനം. ഇന്ന് ഓൺലൈനായി ചേർന്ന സിപിഐ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. സിപിഐയുടെ അതൃപ്തി പരിഹരിക്കാൻ സിപിഎം നേതാവ് എംഎ ബേബി ഇടപെട്ടു.
അദ്ദേഹം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഫോണിൽ സംസാരിച്ചു. നിലവിലെ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം എംഎ ബേബിയെ അറിയിച്ചു. പദ്ധതിയിലെ മെല്ലെപ്പോക്കും കാബിനറ്റ് സബ് കമ്മിറ്റിയും ഉൾപ്പെടെ മുഖ്യമന്ത്രി അറിയിച്ച കാര്യങ്ങൾ തന്നെയാണ് എംഎ ബേബിയും ആവർത്തിച്ചത്.
ഈ കാര്യങ്ങൾ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനോയ് വിശ്വം റിപ്പോർട്ട് ചെയ്തു. യോഗം കഴിഞ്ഞിറങ്ങിയ ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല ലാൽസലാം എന്ന് മാത്രമായിരുന്നു പ്രതികരണം.