Banner Ads

സീതാദേവിയായത് തിരഞ്ഞെടുപ്പല്ല, ദൈവാനുഗ്രഹം; രാമായണ വിശേഷങ്ങളുമായി സായ് പല്ലവി

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ഉയർന്ന ബജറ്റിൽ ഒരുങ്ങുന്ന നിതീഷ് തിവാരി ചിത്രം രാമായണത്തിൽ സീതാദേവിയായി വേഷമിടുന്നതിലെ അനുഭവങ്ങൾ പങ്കുവെച്ച് നടി സായ് പല്ലവി. സീതയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചത് ഒരു തിരഞ്ഞെടുപ്പായിരുന്നില്ലെന്നും ദൈവാനുഗ്രഹമായിരുന്നുവെന്നും സായ് പല്ലവി തുറന്നുപറഞ്ഞു.

ഡൽഹിയിൽ നടന്ന പ്രഥം സങ്കൽപ പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. അഭിനേതാക്കൾക്ക് സാധാരണ ലഭിക്കുന്ന തരത്തിലുള്ള ഒരു വേഷമല്ലിത്. ഇത്തരം ഒരു ദൈവിക കഥാപാത്രത്തെ അവതരിപ്പിക്കുക എളുപ്പമല്ല. ഹൃദയവും ആത്മാവും സമർപ്പിച്ച് തങ്ങളുടെ ഏറ്റവും മികച്ചത് നൽകാൻ സന്നദ്ധമായ ഒരു ടീം ഒപ്പമുണ്ടാകണം.

സ്വയം പിന്നാലെ പോയി നേടിയെടുക്കാനോ ഞാൻ ഇങ്ങനെയൊക്കെ അഭിനയിക്കാം എന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കാനോ കഴിയുന്ന ഒന്നല്ല സീതാദേവിയുടെ വേഷം. ധ്യാനത്തിലിരുന്ന് സീതാദേവി എന്നിലൂടെ അഭിനയിക്കൂ എന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ടായിരുന്നു.

എന്നിലൂടെ പുറത്തുവരുന്ന പ്രകടനമാണ് സിനിമയ്ക്കായി ദേവി ആഗ്രഹിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ചിത്രീകരണത്തിലുടനീളം മനസ്സ് ശാന്തമായും ചിന്തകൾ വിശുദ്ധമായും സൂക്ഷിക്കാൻ ശ്രമിച്ചിരുന്നു. പവിത്രമായ ഒരു കഥാപാത്രത്തെ മികച്ച രീതിയിൽ ഉൾക്കൊള്ളാൻ അത് അത്യാവശ്യമായിരുന്നു.

നമിത് മൽഹോത്ര നിർമ്മിക്കുന്ന ചിത്രത്തിന് ശ്രീധർ രാഘവനും നിതീഷ് തിവാരിയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ശ്രീരാമനായി രൺബീർ കപൂറും, സീതയായി സായ് പല്ലവിയും, രാവണനായി കന്നഡ സൂപ്പർതാരം യഷും വേഷമിടുന്നു.

ഇന്ത്യൻ സംഗീത ഇതിഹാസം എആർ റഹ്മാനും പ്രശസ്ത വിദേശ സംഗീതജ്ഞൻ ഹാൻസ് സിമ്മറും ചേർന്നാണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കുന്നത്. 875 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം ഈ വർഷം ദീപാവലിക്കും രണ്ടാം ഭാഗം അടുത്ത വർഷവും തിയേറ്ററുകളിൽ എത്തും.