Banner Ads

വലിയ വിജയമായി നിവേദനങ്ങൾ; നാട്ടിക, വലപ്പാട് ഉൾപ്പെടെ എട്ട് കേന്ദ്രങ്ങളിൽ ഇരുമ്പ് നടപ്പാതകൾക്ക് അനുമതി

തൃശൂർ : ദേശീയപാത 66 ൻ്റെ വികസനത്തിൻ്റെ ഭാഗമായി ജില്ലയിലെ എട്ട് പ്രധാന കേന്ദ്രങ്ങളിൽ നടപ്പാതകൾ (ഫുട് ഓവർ ബ്രിഡ്‌ജുകൾ) നിർമ്മിക്കാൻ നാഷ്ണൽ ഹൈവേ അതോറിറ്റി അനുമതി നൽകി. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നിവേദനങ്ങൾ പരിഗണിച്ചാണ് ദേശീയപാത അതോറിറ്റി പുതിയ ഉത്തരവിറക്കിയത്.

തളിക്കുളം -കൊടുങ്ങല്ലൂർ റീച്ചിലെ കയ്പമംഗലം കൊപ്രക്കളം, വലപ്പാട് ഹൈസ്കൂൾ, എസ്.എൻ. പുരം പള്ളിനട, നാട്ടിക സെന്‍റ‍ർ എന്നിവിടങ്ങളിലാണ് ഫുട് ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കാൻ അനുമതി ലഭിച്ചത്. തളിക്കുളം – കാപ്പിരിക്കാട് റീച്ചിലെ എടക്കഴിയൂർ, മണത്തല, പൊക്കുളങ്ങര, മന്നലാംകുന്ന് എന്നിവിടങ്ങളിലും നടപ്പാതകൾ നിർമ്മിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ദേശീയപാതയുടെ സ്ഥലത്ത് തന്നെ ഇരുമ്പ് നടപ്പാതകൾ ആയിരിക്കും നിർമ്മിക്കുക.

എട്ട് ഫുട് ഓവർ ബ്രിഡ്‌ജുകൾക്കായി 13 കോടി രൂപയുടെ അധിക ചെലവാണ് പ്രതീക്ഷിക്കുന്നത്. ദേശീയപാത ക്രോസ് ചെയ്ത് കടക്കാനുള്ള സുരക്ഷിത സംവിധാനം വേണമെന്ന ആവശ്യം ശക്തമായതിനെത്തുടർന്നാണ് നാഷ്ണൽ ഹൈവേ അതോറിറ്റി ഈ നിർമ്മാണങ്ങൾക്ക് അനുമതി നൽകിയത്. എംഎൽഎമാരായ ഇടി ടൈസൺ, സിസി മുകുന്ദൻ, എൻകെ അക്ബർ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.