
തിരുവനന്തപുരം : രാജ്യത്ത് പെട്രോൾ, ഡീസൽ വില അടിക്കടി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ പൊതുജനങ്ങളെ പകൽക്കൊള്ള നടത്തുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില താഴേക്ക് പോകുമ്പോഴും രാജ്യത്തെ ജനങ്ങൾക്ക് മേൽ ഇന്ധനവില വർദ്ധനവ് അടിച്ചേൽപ്പിക്കുന്നത് കടുത്ത അനീതിയാണെന്ന് പിണറായി വിജയൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് മാത്രം ജനങ്ങളെ പറ്റിക്കാൻ വില വർദ്ധനവ് താത്കാലികമായി നിർത്തിവെക്കുകയും വോട്ട് രേഖപ്പെടുത്തി കഴിഞ്ഞയുടൻ ജനങ്ങളുടെ പോക്കറ്റടിക്കുന്നതുമാണ് ബിജെപി സർക്കാരിന്റെ പതിവ് തട്ടിപ്പ് രീതി. കേന്ദ്ര സർക്കാരിന്റെ ഈ ജനദ്രോഹ നയങ്ങൾക്കെതിരെ പൊതുസമൂഹത്തിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.