
കണ്ണൂർ : ജില്ലയുടെ ടൂറിസം വികസനത്തിന് കുതിപ്പേകാൻ ലക്ഷ്യമിട്ട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ പുതിയ ജല ടൂറിസം പദ്ധതികളുമായി മുന്നോട്ട്. ആദ്യ ഘട്ടത്തിൽ പയ്യാമ്പലം ബീച്ചിൽ വാട്ടർ സ്‌പോർട്‌സ് ആരംഭിക്കാനാണ് തീരുമാനം.
ബോട്ടുകൾ, വാട്ടർ സ്പോർട്‌സ് റൈഡുകൾ, പാരാസെയ് ലിങ്, വാട്ടർ സ്കീയിങ്-പവർ ബോട്ട് ഫൺ റൈഡ്, ജെറ്റ് സ്കൈ, വാട്ടർ ക്രാഫ്റ്റ്, കയാക്കിങ് ആൻഡ് കനോയിങ്, സ്കൂബ ഡൈവിങ്, വൈറ്റ് വാട്ടർ റാഫ്റ്റിങ് ആൻഡ് കയാക്കിങ്, ബാംബൂ റാഫ്റ്റിങ്, പാരാഗ്ലൈഡിങ് ആൻഡ് ഹാങ് ഗ്ലൈഡിങ് എന്നിവ സജ്ജമാക്കും.
പയ്യാമ്പലത്തിനു ശേഷം ഈ പദ്ധതി മറ്റ് ബീച്ചുകളിലേക്കും വ്യാപിപ്പിക്കാനാണ് ഡിടിപിസി ലക്ഷ്യമിടുന്നത്. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ അംഗീകാരത്തോടെയാണ് പദ്ധതി നടപ്പാക്കുക. സുരക്ഷാ സംവിധാനങ്ങളുടെ പരിശോധനയിൽ വിജയിക്കുന്നവർക്ക് മാത്രമേ പദ്ധതി ഏറ്റെടുക്കാൻ അനുമതി നൽകൂ.
ബോട്ടിന് തുറമുഖ വകുപ്പിന്റെ അനുമതിയും ലൈസൻസും നിർബന്ധമാണ്. അപകടം സംഭവിച്ചാൽ യാത്രക്കാരന് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഉറപ്പാക്കണം. ജല അപകട രക്ഷാപ്രവർത്തനത്തിനായി പരിശീലനം ലഭിച്ചവരും വാട്ടർ സ്‌കൂട്ടറും ബീച്ചിലുണ്ടാകും. നേരത്തേ പയ്യാമ്പലത്ത് ഉണ്ടായിരുന്ന ബനാന റെയ്‌ഡ്,
പാരാസെയ്‌ലിങ് തുടങ്ങിയ റൈഡുകൾ വിദഗ്ദ്ധ പരിശീലകന്റെ അഭാവം കാരണം നിലച്ചിരുന്നു. നിബന്ധന കർശനമാക്കിയപ്പോൾ ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി കരാറുകാരൻ പിന്മാറുകയായിരുന്നു. ഈ വെല്ലുവിളികൾ മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തവണ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നത്.