Banner Ads

യാത്രാമധ്യേ അപസ്മാരം: കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാരിക്ക് രക്ഷകരായി

തിരുവല്ല : യാത്രാമധ്യേ അപസ്മാരത്തെ തുടർന്നുണ്ടായ ബോധക്ഷയത്തിൽ ബസ്സിന്റെ ജനാലയുടെ ഇരുമ്പ് പാളിയിൽ തലയടിച്ച് ഗുരുതര പരിക്കേറ്റ യാത്രക്കാരിയെ സമയോചിത ഇടപെടലിലൂടെ ആശുപത്രിയിൽ എത്തിച്ച് കെഎസ്ആർടിസി ജീവനക്കാർ. കോന്നി സ്വദേശിനി നീതുവിനാണ് ബസ് ജീവനക്കാരുടെയും സഹയാത്രികരുടെയും കൂട്ടായ്മയിൽ ചികിത്സ ലഭ്യമാക്കിയത്.

പത്തനാപുരത്ത് നിന്നും സുൽത്താൻബത്തേരിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിലെ യാത്രക്കാരിയായിരുന്ന നീതുവിന് ബുധനാഴ്ച രാവിലെ 9 മണിയോടെ ടി.കെ റോഡിലെ മനയ്ക്കച്ചിറ ഭാഗത്ത് വെച്ചാണ് അപസ്മാര ബാധ ഉണ്ടായത്. ഇതേ തുടർന്ന് മറ്റ് യാത്രക്കാരുടെ അനുവാദത്തോടെ സ്റ്റോപ്പുകളിൽ നിർത്താതെ ഡ്രൈവർ സുരേഷ് കുമാർ, കണ്ടക്ടർ രജീഷ് എന്നിവർ ചേർന്ന് നീതുവിനെ ആശുപത്രിയിൽ എത്തുകയായിരുന്നു.

തുടർന്ന് പ്രാഥമിക ചികിത്സ ഉറപ്പാക്കിയ ശേഷം മറ്റ് യാത്രക്കാരുമായി ബസ് യാത്ര തുടർന്നു. തലയ്ക്ക് പരിക്കേറ്റ നിലയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.