Banner Ads

അനുമതിയില്ലാതെ പാർക്ക്, ഒടുവിൽ സ്റ്റോപ്പ് മെമ്മോ; അഞ്ചുവയസ്സുകാരന്റെ മരണത്തിൽ അസ്വാഭാവിക കേസെടുത്ത് പൊലീസ്

എറണാകുളം : കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരൻ ചതുപ്പിൽ വീണ് മരിച്ച സംഭവത്തിൽ തടിയിട്ടപറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോട്ടയം സ്വദേശി മുഹമ്മദ് ആദമാണ് മരിച്ചത്. മതിയായ രേഖകളോ പഞ്ചായത്തിന്റെ അനുമതിയോ ഇല്ലാതെയാണ് പാർക്ക് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകി.

പാർക്കിന് ലൈസൻസ് ആവശ്യമില്ലെന്ന് ഉടമകളോട് സെക്രട്ടറി പറഞ്ഞതായും ഉദ്യോഗസ്ഥ വീഴ്ചയാണ് ദുരന്തത്തിന് വഴിയൊരുക്കിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജി ആരോപിച്ചു. ലൈസൻസ് ആവശ്യമില്ലാത്ത ഓപ്പൺ ജിം തുടങ്ങാനാണ് ഉടമകൾ സമീപിച്ചതെന്നും പാർക്ക് തുടങ്ങാനല്ലെന്നും സെക്രട്ടറി ടി അജി വ്യക്തമാക്കി. പാലാരിവട്ടം ബിയോണ്ട് ബോൺ പ്രീ-സ്കൂളിലെ 25 അംഗ സംഘത്തോടൊപ്പം പാർക്കിലെത്തിയതായിരുന്നു സംസാരശേഷിയില്ലാത്ത ആദം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കുട്ടിയെ കാണാതാവുകയായിരുന്നു. അധ്യാപകരും ജീവനക്കാരും നടത്തിയ തിരച്ചിലിനൊടുവിൽ പാർക്കിന് പിന്നിലെ ചതുപ്പിൽ വീണ നിലയിൽ ആദത്തെ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.