
തിരുവനന്തപുരം : അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ സാഹചര്യത്തിൽ ശബരിമല തീർത്ഥാടനത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പമ്പാ നദിയിൽ സ്നാനം നടത്തുന്ന അയ്യപ്പഭക്തർ മൂക്കിൽ വെള്ളം കയറാതെ ശ്രദ്ധിക്കണം എന്നതാണ് പ്രധാന നിർദ്ദേശം. വെള്ളത്തിൽ മുങ്ങുമ്പോൾ മൂക്ക് പൊത്തിപ്പിടിക്കുകയോ അല്ലെങ്കിൽ നേസൽ ക്ലിപ്പ് ഉപയോഗിക്കുകയോ ചെയ്യണം.
നിലവിൽ നദിയിൽ നല്ല ഒഴുക്കുള്ളതിനാൽ അമീബിക് മസ്തിഷ്‌കജ്വരം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജനുവരി മാസത്തോടെ പമ്പാനദിയിലെ ജലനിരപ്പ് കുറയുന്ന സാഹചര്യത്തിൽ ജാഗ്രത വർദ്ധിപ്പിക്കേണ്ടതുണ്ട്. വെള്ളം കുറയുമ്പോൾ ത്രിവേണിയിൽ ചില ഭാഗങ്ങളിൽ ചെറിയ തടാകങ്ങൾ പോലെ വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുണ്ട്. നല്ല വെയിൽ ഏൽക്കുന്ന ഇത്തരം കെട്ടിക്കിടക്കുന്ന ജലസാന്നിധ്യമാണ് രോഗവ്യാപന സാധ്യത വർദ്ധിപ്പിക്കുന്നത്.
അത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ ഭക്തരെ ഈ ഭാഗങ്ങളിൽ സ്നാനത്തിനായി പ്രവേശിപ്പിക്കാതിരിക്കാനുള്ള നിർദ്ദേശം ആരോഗ്യവകുപ്പ് നൽകും. തീർത്ഥാടനകാലത്ത് ക്ഷേത്രക്കുളങ്ങളിൽ കൃത്യമായി ക്ലോറിനേഷൻ അടക്കമുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് ദേവസ്വം ബോർഡുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.