
പാലക്കാട് : പാലക്കാട് മെഡിക്കൽ കോളേജിലെ അവശ്യസൗകര്യങ്ങളുടെ അഭാവത്തിനെതിരെ ഹൗസ് സർജന്മാർ നടത്തുന്ന പ്രക്ഷോഭം നാലാം ദിവസത്തിലേക്ക്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും ആശുപത്രിയിലെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചും ചികിത്സയ്ക്കെത്തിയ ജനങ്ങളും രംഗത്തെത്തി.
മരുന്നുകൾ പോലുമില്ലെങ്കിൽ മെഡിക്കൽ കോളേജ് ഇടിച്ചുനിരത്തട്ടെയെന്നാണ് ചികിത്സയ്ക്കായെത്തിയ മകളോടൊപ്പം വന്ന ഒരു അമ്മ പ്രതികരിച്ചത്. ഹൗസ് സർജന്മാർ നാലാം ദിവസം തെരുവ് നാടകം സംഘടിപ്പിച്ചാണ് പ്രതിഷേധം അറിയിച്ചത്. അത്യാഹിത വിഭാഗത്തിന്റെ ശോച്യാവസ്ഥയിൽ ആരോപണവിധേയരായ ക്യാഷ്യാലിറ്റി സൂപ്രണ്ട്, ആർഎംഒ, അസിസ്റ്റന്റ് ആർഎംഒ എന്നിവർ രാജി സമർപ്പിച്ചു.
അത്യാഹിത വിഭാഗത്തിൽ അവശ്യ മരുന്നുകൾ ഉടൻ ലഭ്യമാക്കാമെന്നും എക്സ്-റേ, ലബോറട്ടറി സൗകര്യങ്ങൾ സജ്ജമാക്കാമെന്നും മെഡിക്കൽ കോളേജ് ഡയറക്ടർ ഉറപ്പുനൽകി. പ്രവർത്തനം ഏകോപിപ്പിക്കാൻ വിദ്യാർത്ഥി-ഹൗസ് സർജൻ പ്രതിനിധികളെ ഉൾപ്പെടുത്തി മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുമെന്നും ഡയറക്ടർ വ്യക്തമാക്കി.